യൂട്യൂബിനെ പിന്നിലാക്കാൻ ഫേസ്ബുക്ക് ‘വാച്ച്’ എത്തുന്നു

സോഷ്യൽ മീഡിയകളിൽ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിഗ് സൈറ്റായ യൂട്യൂബിനെ പിന്നിലാക്കാൻ വാച്ച് എന്ന പേരിൽ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ കാണുന്നതിനും പങ്കുവയ്ക്കുന്നതിനുമായി രൂപപ്പെടുത്തിയിരിക്കുന്ന വാച്ച് എന്ന പുതിയ സംവിധാനത്തെ തങ്ങളുടെ ബ്ലോഗിലാണ് ഫേസ്ബുക്ക് പരിചയപ്പെടുത്തുന്നത്.
കാഴ്ചയിലും പ്രവർത്തന രീതിയിലും യൂട്യൂബിനോട് ഏറെ സാമ്യമുള്ള ഫേസ്ബുക്ക് വാച്ച് മൊബൈൽ, ഡെസ്ക്ടോപ്, ലാപ്ടോപ്പ്, ടെലിവിഷൻ ആപ്പുകൾ എന്നിവയിൽ ലഭ്യമാകും. കൂടാതെ യൂട്യൂബിലെ പോലെ വീഡിയോകൾ ലൈവായും റൊക്കോർഡ് ചെയ്തും വാച്ചിൽ കാണാനാവും.
ദിവസക്കണക്കിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ യൂട്യൂബിനെക്കാളും മുൻപന്തിയിൽ നിൽക്കുന്ന ഫേസ്ബുക്കിലൂടെയാണ് യൂട്യൂബിലെ വലിയൊരു ശതമാനം വീഡിയോകളും കച്ചവടം ചെയ്യപ്പെടുന്നത്. അതിനാൽതന്നെ തങ്ങളുടെ പുതിയ സംവിധാനത്തിലൂടെ യൂട്യൂബ് ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുവാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.
പരീക്ഷണ അടിസ്ഥാനത്തിൽ അമേരിക്കയിലെ ചുരുക്കം ചില ഫോളോവർമാർക്കും വീഡിയോ നിർമാതാക്കൾക്കും ഉപയോഗത്തിന് നൽകിയിരിക്കുന്ന വാച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഒന്നും വ്യക്തമാക്കിയിട്ടില്ല.
സ്വന്തമായി വീഡിയോകൾ നിർമിക്കുന്നവർക്ക് 55% റവന്യു ഷെയർ ആണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.