കെ സുരേന്ദ്രൻറെ ലിസ്റ്റിലെ മൂന്നു ‘പരേതർ’ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മരിച്ചവരും വിദേശത്തുണ്ടായിരുന്നവരും വരെ വോട്ട് ചെയ്‌തെന്ന ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാദം പൊളിയുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രൻ സമർപ്പിച്ച പരേതരുടെ പട്ടികയിൽ പെട്ട ആറ് പേരിൽ മൂന്ന് പേരും ഹൈക്കോടതിയിൽ ഹാജരായതോടെയാണ് അദ്ദേഹത്തിന്റെ എം.എൽ.എ മോഹം പൊലിയുന്നത്.

മഞ്ചേശ്വരം വോർക്കാടി ബാക്രബയലിലെ ഹമീദ് കുഞ്ഞി(79), മംഗൽപാടി പഞ്ചായത്തിലെ ഉപ്പള ഗേറ്റ് ബൂത്ത് നമ്പർ അറുപതിലെ അബ്‌ദുള്ള മമ്മൂഞ്ഞി, ബംബ്രാണ നഗറിലെ ആയിഷ(60) എന്നിവരടക്കം ആറുപേർ മരിച്ചവരാണെന്നാണ് സുരേന്ദ്രന്റെ വാദം. എന്നാൽ ഇവരിൽ മൂന്ന് പേർ വ്യാഴാഴ്‌ച ഹൈക്കോടതിയിൽ ഹാജരായി. അതേസമയം, ജീവിച്ചിരിക്കുന്ന തങ്ങളെ പരേതരാക്കിയ സുരേന്ദ്രനെതിരെ ഇവർ നിയമ നടപടിക്കൊരുങ്ങുകയാണ്. കള്ളവോട്ട് ചെയ്‌തെന്ന് വ്യാജ പ്രചാരണം നടത്തിയ സുരേന്ദ്രനെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കുമെന്ന് ഹമീദ് കുഞ്ഞിയുടെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, സമൻസ് നൽകാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ ദൂതനെ കബളിപ്പിച്ച് സമൻസിൽ പേരുമായി സാമ്യതയുള്ള ചിലരാണ് അത് കൈപ്പറ്റിയതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും താൻ കോടതിയിൽ സമർപ്പിച്ചത് യഥാർത്ഥ മരണ സർട്ടിഫിക്കറ്റുകൾ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.