ലാലു പ്രസാദ് യാദവിന്റെ മകന്റെ പെട്രോള്‍ പമ്പ് ലൈസന്‍സ് റദ്ദാക്കി

പറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ പെട്രോള്‍ പമ്ബ് ലൈസന്‍സ് ഭാരത് പെട്രോളിയം കമ്ബനി റദ്ദാക്കി. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത ലാറ ഓട്ടോമൊബൈല്‍ എന്ന കമ്ബനിയുടെ പേരിലുള്ള ലൈസന്‍സ് ആണ് റദ്ദാക്കിയത്. പറ്റ്ന കോടതി ഇത് സ്റ്റേ ചെയ്തിട്ടുണ്ട്. ബീഹാറിലെ ആരോഗ്യമന്ത്രികൂടിയായ തേജ് പ്രതാപിന് നേരത്തെ പെട്രോളം കമ്ബനി നോട്ടീസ് നല്‍കിയിരുന്നു. ലൈസന്‍സിനായി അപേക്ഷിച്ചപ്പോൾ തെറ്റായ കാര്യം നല്‍കിയെന്ന പേരിലായിരുന്നു നോട്ടീസ്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്. തേജ് പ്രതാപിന്റെ അഭിഭാഷകന്‍ ഉടന്‍ കോടതിയെ സമീപിച്ച്‌ സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയായിരുന്നു.