അതിരപ്പിള്ളി പദ്ധതിക്കെതിരെ വി.എസ് അച്യുതാനന്ദനനും സി.പി.ഐയും

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ വി.എസ് അച്യുതാനന്ദനനും സി.പി.ഐയും. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കതത്തിനെതിരെ സിപിഐയ്ക്കോപ്പം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ സർക്കാർ വൃത്തങ്ങളും സിപിഎം നേതൃത്വവും വെട്ടിലായി. പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായാണ് ഇന്ന് വി.എസ് രംഗത്തെത്തിയത്. ഇടതു മുന്നണി ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികൾ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും പറഞ്ഞ വി.എസ് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നും തുറന്നടിച്ചു. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സർക്കാരിനെയും വൈദ്യുതി മന്ത്രി എം.എം. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും പദ്ധതിക്കു പിന്നിൽ പണക്കൊതിയന്മാരായ ചില ഉദ്യോഗസ്ഥരാണെന്നുമായിരുന്നു പ്രകാശ് ബാബു കുറ്റപ്പെടുത്തിയത്.