വരൾച്ചയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഒരു കൂട്ടായ്മ

കോഴിക്കോട്: നാടിന്റെ വളർച്ച മൂലം നഷ്ടപ്പെട്ടുതുടങ്ങിയ പുഴയെ കാക്കാന്‍ ഒരു ജനതയുടെ കൂട്ടായ്മ. കോഴിക്കോട് പൂനൂര്‍ പുഴയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ അഞ്ചുപഞ്ചായത്തുകളാണ് ഒരേ മനസോടെ പോരാടുന്നത്. കൊടുംവരള്‍ച്ച പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടാണ് ഈ തുഴച്ചില്‍. മലിനമാകാതിരിക്കാന്‍ രാവും പകലും പുഴയ്ക്ക് കാവല്‍നില്‍ക്കുന്ന നാട്. ഈ പുഴ മരിച്ചാല്‍ ജില്ലയുടെയാകെ കുടിവെള്ളം മുട്ടുമെന്ന പാഠം ഇവര്‍ പഠിച്ചത് വരള്‍ച്ചയുടെ കാഠിന്യം അനുഭവിച്ചുതന്നെയായിരുന്നു.

കോഴിക്കോട് ജില്ലയിലെ ചെറുതും വലുതുമായ അനേകം കുടിവെള്ള പദ്ധതികളുടെ ഉറവിടമാണ് പൂനൂർ പുഴ. കൊടുവള്ളി, താമരശേരി, കുന്ദമംഗലം, കുരുവട്ടൂർ, കക്കോടി തുടങ്ങിയ പ്രദേശങ്ങളിലൂടെ 22 കിലോമീറ്ററോളം ഒഴുകുന്ന പുഴ രണ്ടുവര്‍ഷം മുന്‍പ് ഈയവസ്ഥയിലായിരുന്നില്ല. പ്ലാസ്റ്റിക് മുതല്‍ അറവുമാലിന്യം വരെ നിറഞ്ഞ പുഴയെ നാടിന്റെ ശാപമായിപ്പോലും പലരും മുദ്രകുത്തി. എന്നാല്‍ ഒരു കൊടുംവേനല്‍ എല്ലാം മാറ്റിമറിച്ചു. നാട്ടുകാരുടെ മുന്‍കൈയില്‍ പുഴയൊഴുകുന്ന വഴികളിലെല്ലാം സംരക്ഷണസമിതികള്‍ രൂപംകൊണ്ടു. മലിനപ്പെടുത്താന്‍ തുനിയുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എല്ലായിടത്തുമുണ്ട്.

ഈ കൊടും വേനലിൽ ഇവർ ചെയ്യുന്ന ഈ പദ്ധതി ഏറെ ആശ്വാസകരമാണ്. നമുക്ക് കിട്ടുന്ന മുന്നറിയിപ്പുകളിൽ ഇനിയെങ്കിലും നമുക്ക് ശ്രദ്ധിക്കാം. മാസത്തിലൊരിക്കല്‍ ചെറുപ്പക്കാരുടെ സംഘങ്ങള്‍‍ തോണിയുമായി ഇറങ്ങും. കടവുകളും തടങ്ങളും വൃത്തിയാക്കും. ഒപ്പം നാട്ടുകാരെ നേരില്‍ക്കണ്ടുള്ള ബോധവല്‍കരണവും. ഈ ഉറപ്പിൽ ഒരു പുഴയെങ്കിലും ജീവൻ വീണ്ടെടുക്കുന്നുവെന്ന് ആശ്വസിക്കാം.