ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു അമ്മ

പൊറ്റേത്ത് തറവാടിന്റെ പടിപ്പുര കടക്കുമ്പോൾ എവിടെനിന്നോ ഒരു താരാട്ടിന്റെ ഈരടി വന്നു പൊതിയുംപോലെ. മൂന്നു മക്കളെ താരാട്ടിയുറക്കിയ മണിത്തൊട്ടിലും മുഖം നിറയെ പുഞ്ചിരിയുമായി ഒരമ്മ അവിടെ കാത്തിരിക്കുന്നു. ഡോ.കുമാരി സുകുമാരൻ. കേരളത്തിലെ ആദ്യ സ്വകാര്യ അമ്മത്തൊട്ടിലാണ് തിരൂരിലെ പൊറ്റേത്ത് തറവാടിന്റെ മുറ്റത്തുള്ളത്. അവിടെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ പരിപാലിച്ച ശേഷം അധികൃതർക്ക് കൈമാറുകയാണ് ഡോ.കുമാരി.

2011ലെ ഒരു രാത്രി. "ഞാനും ഭർത്താവ് ഡോ.കേണൽ സുകുമാരനും കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്നു. വീട്ടിലേക്ക് തിരിയുന്ന വഴിയിൽ ചെറിയ ഗതാഗത കുരുക്ക്. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടടുത്ത പറമ്പിൽ നാലു നായ്ക്കൾ കൂടിനിന്ന് മുരളുന്നു. അവക്കിടയിൽ എന്തോ അനങ്ങുന്നുണ്ട്. കുഞ്ഞിന്റെ നേർത്ത കരച്ചിൽ കേട്ടപോലെ തോന്നിയപ്പോൾ നായ്ക്കളെ ഓടിച്ചു വിട്ട് ഞാൻ അങ്ങോട്ട് ചെന്നു. ദേഹം നിറയെ മുറിവുകളുമായി തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞ്! ഉറുമ്പുകടിയേറ്റ് അവൻ പിടഞ്ഞു കരയുകയാണ്. ഞൻ ചെല്ലാൻ അല്പമൊന്ന് വൈകിയെങ്കിലും ആ കുഞ്ഞ് മരിച്ചേനെ. നൈറ്റ് പെട്രോളിന് വന്ന പോലീസിനെ വിവരമറിയിച്ചു ശേഷം കുഞ്ഞിനെ ഡോ.സുകുമാരൻ സേവനം അനുഷ്ഠിക്കുന്ന സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് കലക്ടറേയും എസ്പി യെയും വിവരമറിയിച്ചു. ഒരാഴ്ച കുഞ്ഞിന് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. വളരെ മോശം അവസ്ഥയായിരുന്നു അവന്റേത്. കോടതിയിൽ ഹാജർ ആക്കേണ്ടിയിരുന്നതിനാൽ പിന്നീട അവനെ പോലീസിന് കൈമാറി. ദിവസങ്ങൾ കഴിഞ്ഞിട്ടും നായ്ക്കൾക്കു മുന്നിൽ അവൻ പിടഞ്ഞു കരയുന്ന ദൃശ്യം മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു. ഒരു കുഞ്ഞും അനാഥനായല്ല ജനിക്കുന്നത്. അമ്മയുടെ നിസ്സഹായതയാണ് അവനെ അനാഥനാക്കുന്നത്. ആ നിസ്സഹായതക്ക് കൈതാങ്ങാകാണാമെന്നു ഞൻ തീരുമാനിച്ചു. എന്റെ മൂന്ന് മക്കളെ താരാട്ടി ഉറക്കിയ തോട്ടിൽ മച്ചിൻ മുകളിൽ നിന്ന് പൊടി തട്ടി എടുത്ത് പാതയോരത്തോട് ചേർന്ന വീട്ടുമുറ്റത്തു വച്ച്. ഒപ്പമാ 'അമ്മ തോട്ടിൽ തുടങ്ങാനുള്ള നിയമപരമായ കാര്യങ്ങളും ചെയ്തു".

അമ്മ തോട്ടിൽ വച്ചപ്പോൾ എതിർക്കാൻ ആളുകൾ ഏറെയായിരുന്നു. ഇതിന്റെ മറവിൽ ഡോ.കുമാരി കുട്ടികളെ വിൽക്കാൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾ പോലും ഉണ്ടായി. അമ്മത്തൊട്ടിലുകൾ കുട്ടികളെ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞവരും കുറവല്ല. "വളർത്താൻ നിവിർത്തിയില്ലാത്തതു കൊണ്ട് കുഞ്ഞുങ്ങളെ കൊന്നു കളയുന്നതിലും ഭേദമല്ലേ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കുന്നത്. അതുകൊണ്ട് ഇത്തരം വിമർശനങ്ങൾക്ക് ഞാൻ ചെവികൊടുത്തതേയില്ല. ഭർത്താവും മക്കളും പിന്തുണ നൽകിയതോടെ കൂടുതൽ ധൈര്യമായി". സൈക്കോളജിസ്റ് ആയതിനാൽ മറ്റുള്ളവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ വിഷമങ്ങളും പ്രശ്നങ്ങളും അറിയാനും പരിഹരിക്കാനും കുമാരി സമയം നീക്കിവയ്ക്കുന്നു. കുടുംബ പ്രശ്നങ്ങളിൽ തകർന്നു പോകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൗൺസിലിങ്, മെച്ചപ്പെട്ട ജീവിത സാഹചര്യം കണ്ടെത്താനുള്ള സഹായങ്ങൾ, ഇവയും കുമാരിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു.