തിരുവനന്തപുരം: റേഷൻ വിതരണം സുതാര്യമാക്കാൻ റേഷൻ കടകളിൽ ഇ – പോസ് യന്ത്രം സ്ഥാപിക്കുന്ന പദ്ധതിക്ക് കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷൻ കടകളിൽ ഇന്ന് തുടക്കമാകും. പൈലറ്റ് പദ്ധതി വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മുഴുവൻ റേഷൻ കടകളിലും മൂന്ന് മാസത്തിനകം ഇ- പോസ് യന്ത്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു.
കാർഡുടമകളുടെയോ അംഗങ്ങളുടെയോ വിരലടയാളമോ കൃഷ്ണമണിയോ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സാങ്കേതിക വിദ്യയിലാണ് പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ റേഷൻ തിരിമറി പാടേ ഇല്ലാതാക്കി കാർഡുടമയ്‌ക്ക് കൃത്യമായി സാധനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാം. റേഷൻ സാധനങ്ങളുടെ വരവ്, പോക്ക്, നീക്കിയിരിപ്പ്, റേഷൻ കടകൾ തുറന്നിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ജനങ്ങൾക്ക് പൊതുവിതരണ വകുപ്പിന്റെ പോർട്ടൽ വഴി അറിയാനും കഴിയും.

മുൻഗണനാ പട്ടിക
സംസ്ഥാനത്താകെ നടത്തിയ 9,442 ഫോട്ടോ ക്യാമ്പുകളിലൂടെയും റേഷൻ കടകൾ വഴി ഫോറങ്ങൾ പൂരിപ്പിച്ച് വാങ്ങിയും സി – ഡിറ്റ്, കുടുംബശ്രീ തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ വിവരങ്ങൾ ക്രോഡീകരിച്ചും താലൂക്ക് തലത്തിലാണ് ആദ്യം മുൻഗണനാ റാങ്കിംഗ് നടത്തിയത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലും കൊടുങ്ങല്ലൂർ താലൂക്ക് റേഷനിംഗ് ഓഫീസിലും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടികയിൽ അപാകത കണ്ടതിനാൽ സംസ്ഥാന തല റാങ്കിംഗ് നടത്തി കരട് പട്ടിക പ്രസിദ്ധീകരിച്ചു. അതിലും പരാതികൾ ഉയർന്നപ്പോൾ വെരിഫിക്കേഷൻ, അപ്പീൽ കമ്മിറ്റികളുടെ തീരുമാന പ്രകാരം മാർച്ച് 9ന് അന്തിമ മുൻഗണനാ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റേഷൻകാർഡിന്റെ അച്ചടിയും വിതരണവും 98ശതമാനവും പൂർത്തിയാക്കി.

അനർഹർ 2.47ലക്ഷം
സാങ്കേതികപ്രശ്നങ്ങളും യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്താത്തതും മൂലം അനർഹർ മുൻഗണനാ പട്ടികയിൽ കടന്നു കൂടുകയും അർഹതപ്പെട്ടവർ പുറത്താവുകയുമുണ്ടായി. അനർഹരായ 2.47 ലക്ഷം കാർഡുടമകളെ ഒഴിവാക്കി. അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി. ഈ പ്രക്രിയ തുടരും.

മന്ത്രി പി. തിലോത്തമൻ:
റേഷൻ സാധനങ്ങളുടെ വരവും പോക്കും എല്ലാവർക്കും കാണാവുന്ന വിധം കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇ- പോസ് യന്ത്രങ്ങൾ. മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളാക്കി റേഷൻ കടകളെ വൈവിദ്ധ്യവൽക്കരിക്കുക, ഓൺലൈൻ ബാങ്കിംഗ് പോലെയുള്ള സേവനങ്ങൾ റേഷൻ കടയിലൂടെയും സാദ്ധ്യമാക്കുക, അതിലൂടെ വരുമാനമുണ്ടാക്കുക എന്നിവയും പരിഗണനയിലുണ്ട്. യന്ത്രം സ്ഥാപിക്കുന്നതോടെ റേഷൻ വ്യാപാരികൾക്ക് കുറഞ്ഞത് 16, 000 രൂപ വരുമാനം കിട്ടിത്തുടങ്ങും.