വനിതാകമ്മിഷൻ വിരട്ടാൻ നോക്കെണ്ടായെന്ന് പി.സി ജോർജ്

കോട്ടയം: കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനോട്  വിരട്ടാൻ നോക്കണ്ടായെന്ന് പി.സി ജോർജ്.   കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോർജ് പറഞ്ഞു.  തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്നായിരുന്നു ജോർജിന്‍റെ ചോദ്യം.   മട്ടന്നൂർ പട്ടികജാതി സ്ത്രീയെ മന്ത്രിയുടെ ഭർത്താവ് അടിച്ചപ്പോഴും കോട്ടയത്ത് സമരം ചെയ്ത നഴ്‌സുമാരെ സിപ്പ് അഴിച്ച്കാണിച്ച കേസിലും നടപടിയെടുത്തോയെന്നും പി.സി ജോർജ് ചോദിച്ചു.

പി.സി ജോർജിന്‍റെ പരാമർശങ്ങളിൽ  കേസെടുക്കുന്നതിനെ കുറിച്ച് വനിതാ കമീഷൻ നിയമോപദേശം തേടിയിരുന്നു.  നടിക്കെതിരെ വിവിധയിടങ്ങളിൽ അപകീർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തി നടത്തിയെന്നാരോപിച്ച പി സി ജോർജിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാകമ്മീഷൻ അറിയിച്ചിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.