അഭിമാനകരമായ നേട്ടവുമായി കെ എം ആർ എൽ

കൊച്ചി: വെല്ലുവിളികളെയും വിവാദങ്ങളെയും നിശ്ശബ്ദമായി നേരിട്ട് മെട്രോ റെയിൽ യാഥാർത്ഥ്യമാക്കിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) അഭിമാനിക്കാം. അന്താരാഷ്ട്ര മികവോടെ മെട്രോ സമ്മാനിക്കുക മാത്രമല്ല, സ്വന്തമായി നിർമ്മാണം ഏറ്റെടുക്കാൻ കരുത്തുള്ള പൊതുമേഖലാ സ്ഥാപനമായി വളരാനും ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു. നവീന ആശയങ്ങൾ വഴി ചെലവുകൾ കുറയ്ക്കുന്നതിനൊപ്പം വരുമാനം നേടാനുള്ള വഴികൾ കണ്ടെത്താനുമായി.

ഭൂമിശാസ്ത്രപരമായും സാമൂഹ്യസാഹചര്യങ്ങളാലും സാങ്കേതികമായും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കൊച്ചി മെട്രോ നിർമ്മാണമെന്ന ഭഗീരഥയജ്ഞം. നിശ്ചയദാർഢ്യത്തോടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പിന്തുണയ്ക്കുകയും സമൂഹം ഒപ്പം നിന്നതുമാണ് വിജയത്തിന് പിന്നിലെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് പറയുന്നു. സാങ്കേതിക പിന്തുണയുമായി ഡൽഹി മെട്രോ റെയിൽ ലിമിറ്റഡും മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും ഒപ്പം നിന്നു.

കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അനുമതികളും സ്ഥലമേറ്റെടുക്കലുമായിരുന്നു വലിയ കടമ്പ. ഡൽഹിയിലും തിരുവനന്തപുരത്തും ഓഫീസുകൾ കയറിയിറങ്ങി ഏലിയാസ് ജോർജും മറ്റു ഡയറക്ടർമാരും അവ നേടിയെടുത്തു. വായ്പ ലഭ്യമാക്കുകയായിരുന്നു രണ്ടാമത്തെ ദൗത്യം. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയിൽ (ജൈക്ക) നിന്ന് വായ്പ നേടാമെന്നാണ് ഡി.എം.ആർ.സി പറഞ്ഞിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ തടസമായി. ഫ്രഞ്ച് സർക്കാർ സ്ഥാപനായ എ.എഫ്.ഡിയെ സമീപിച്ചത് ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലാണ്. കെ.എം.ആർ.എല്ലിനാണ് അതിന്റെ ക്രെഡിറ്റ്.

ആലുവ പാലാരിവട്ടം റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ തന്നെ കലൂർ കാക്കനാട്, പേട്ട തൃപ്പൂണിത്തുറ പാതകൾക്കും നടപടികൾ അന്തിമഘട്ടത്തിലെത്തിച്ചു. ഇവയുടെ രൂപകല്പനയും നിർമ്മാണവും സ്വന്തമായി ഏറ്റെടുക്കാനും കെ.എം.ആർ.എൽ പ്രാപ്തമായി. ഇനി തന്റെ ആവശ്യമില്ലെന്ന ഇ. ശ്രീധരന്റെ വാക്കുകൾ കെ.എം.ആർ.എല്ലിന്റെ മികവിന്റെ സാക്ഷ്യപത്രമാണ്. അൾസ്റ്റോം കോച്ചുകൾ ഡി.എം.ആർ.സി നിർദ്ദേശിച്ചതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങിയത് കെ.എം.ആർ.എൽ നേരിട്ടാണ്. ഇറക്കുമതി ഒഴിവാക്കി ആന്ധ്രയിൽ അൾസ്റ്റോം നിർമ്മിച്ച കോച്ചുകൾ ലഭ്യമാക്കി. ഇതിൽ കോടികൾ ലാഭമുണ്ടായി.

മറ്റു നഗരങ്ങളിൽ ടിക്കറ്റ് സംവിധാനം മെട്രോകൾ നേരിട്ടാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചിയിൽ ടിക്കറ്റിംഗ് ആക്‌സിസ് ബാങ്കിന് ടെൻഡർ നൽകി. പകരം പരസ്യങ്ങൾക്ക് സ്ഥലംനൽകി. ഇതിന് 80 കോടി രൂപ കെ.എം.ആർ.എല്ലിന് ലഭിച്ചു. സ്വന്തമായി ടിക്കറ്റിംഗ് ഒരുക്കുന്ന ചെലവ് ഒഴിവായി.