ഹണിട്രാപ്പ്: എ.കെ. ശശീന്ദ്രനുമായി ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി

തിരുവന്തപുരം: അശ്ളീല സംഭാഷണം നടത്തിയതിന്‍റെ പേരിൽ മുൻമന്ത്രി ശശീന്ദ്രനെതിരെ നൽകിയ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി ഹൈകോടതിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പരാതി നൽകിയത്. തികച്ചും വ്യക്തിപരമായ കേസാണിത്. കേസുമായി മുന്നോട്ട് പോകാൻ തൽപര്യമില്ല. അതിനാൽ താൻ പരാതി പിൻവലിക്കുകയാണെന്നും കോടതി ഇതിനനുവദിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജി വെക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് പിന്നീട് സി.ഇ.ഒ അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചാനലിലെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.