സർക്കാർ നിർമ്മിക്കുന്ന പുതിയ റോഡുകൾക്ക് ടോൾ പിരിക്കില്ലെന്ന് ടോൾ പിരിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുതിയ റോഡുകൾക്കും ബൈപ്പാസുകൾക്കും പാലങ്ങൾക്കും ഫ്ളൈഓവറുകൾക്കും ടോൾ പിരിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ ദേശീയപാത അതോറിറ്റി വഴിയോ മറ്റു ഏജൻസികൾ വഴിയോ നിർമ്മിക്കുന്ന റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് കേന്ദ്ര നയ പ്രകാരം ടോൾ ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽപെടുന്ന വിഷയമല്ല. എങ്കിലും ടോൾ ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ കേന്ദ്രത്തോട് നടത്തുമെന്നും മന്ത്രി പറഞ്ഞു.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടോൾ ഒഴിവാക്കുന്നതിന് പകരം ശക്തിപ്പെടുത്തുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ.ജംഗ്ഷൻ, ഇരുമ്പനം, എയർപോർട്ട് – സീപോർട്ട് റോഡ്, അത്താണി തുടങ്ങിയ പാലങ്ങളുടേയും ദേശീയപാതയിലുള്ള രണ്ട് പാലങ്ങളുടേയും ടോളുകൾ നിറുത്തലാക്കി. പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ പന്നിയങ്കര, ഇടപ്പള്ളി, പാലാരിവട്ടം, ഏരൂർ ഫ്ളൈ ഓവറുകൾക്ക് ടോൾ ചുമത്തിയില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 14 പാലങ്ങളുടെ ടോൾ നിർത്തലാക്കുന്നതിനെക്കുറിച്ച് മന്ത്രി തലത്തിൽ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.