സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാ പലിശ നിരക്ക് കുറച്ചു

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിലുള്ള ഉപഭോക്താക്കളുടെ വായ്‌പാ പലിശ നിരക്ക് കുറച്ചു. 30 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ നിരക്ക് 8.95 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായി മാറും.

പുതിയ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കുള്ള ബാങ്കായി എസ്.ബി.ഐ മാറും. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച് വായ്പയെടുത്തവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതുകൂടാതെ വിദ്യാഭ്യാസം, ഭവന വായ്‌പയെടുത്തിട്ടുള്ള ഉപഭോക്താക്കളിൽ പകുതിയോളം പേർക്കും അടിസ്ഥാന നിരക്ക് കുറച്ചതിന്റെ ഗുണം ലഭിക്കും.

മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ് സംവിധാനത്തിലേയ്ക്ക് മാറിയാൽ മറ്റുള്ളവർക്കും വായ്‌പ പലിശ കുറവിന്റെ ഗുണം ലഭിക്കും. ഇതുപ്രകാരം എല്ലാ വർഷവും അവസാനത്തിൽ പലിശ നിരക്ക് പുതുക്കും. വ്യത്യസ്‌ത കാലയളവിൽ വ്യത്യസ്‌ത നിരക്കുകളാണ് വിവിധ ബാങ്കുകൾ ഈടാക്കുന്നത്. മൂന്നു വർഷം വരെയുള്ള വായ്പകളുടെ എസ്.ബി.ഐയുടെ അടിസ്ഥാന നിരക്ക് 7.70ശതമാനം മുതൽ 8.10 ശതമാനം വരെയാണ്.