സോളാർ കേസ്: അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൂടി വകുപ്പുതല നടപടി

തിരുവനന്തപുരം: സോളാർ കേസ് അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൂടി വകുപ്പുതല നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ട്രാഫിക്ക് സൗത്ത് സോൺ എസ്.പിയായ ജി. അജിത്തിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്കും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. റെജി ജേക്കബിനെ തൃശൂർ പൊലീസ് അക്കാഡമിയുടെ അസിസ്റ്റന്റ് ഡയറക്ടറായും ഡി.വൈ.എസ്.പിമാരായ സുദർശൻ,ജെയ്‌സൺ എന്നിവരെ യഥാക്രമം വയനാട് സ്‌പെഷ്യൽ ബ്രാഞ്ചിലേക്കും, കാസർഗോഡ് ഡി.സി.ആർ.ബിയിലേക്കും മാറ്റി. മാള സി.ഐ ബി. റോയിയെ പത്തനംതിട്ട ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും നിലവിൽ എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിജു ലൂക്കോസിനെ കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.

സോളാർ കേസിന്റെ അന്വേഷണത്തിൽ പ്രസ്‌തുത ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്ന സോളാർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. നേരത്തെ സോളാർ കേസിന്റെ അന്വേഷണ സംഘത്തലവൻ എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കെ.എസ്.ആർ.ടി.സി സി.എം.ഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം നൽകിയിരിക്കുന്നത്. എ.ഡി.ജി.പി കെ. പദ്മകുമാറിനെ മാർക്കറ്റ്ഫെഡ് എം.ഡിയായും മാറ്റി നിയമിച്ചു. പദ്മകുമാർ, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണൻ എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കും. ഹേമചന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കും.