സോളാർ കേസിന്റെ സൂത്രധാരൻ കെ.ബി.ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്‌ണൻ

തിരുവനന്തപുരം: സോളാർ കേസിന്റെ സൂത്രധാരൻ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയാണെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണൻ വെളിപ്പെടുത്തി. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നൽകിയത് ഗണേഷ് കുമാർ ആണെന്നും വടകര ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ ബിജു പറഞ്ഞു. താൻ എഴുതി നൽകിയത് മരണമൊഴിയായി രേഖപ്പെടുത്തണമെന്നും ബിജു ആവശ്യപ്പെട്ടു.

ഇക്കാര്യം ഇതിനുമുമ്പ് വെളിപ്പെടുത്താത്തത് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ്. ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും സോളാർ കേസിന്റെ അന്വേഷണത്തിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോൾ ഇക്കാര്യം പരാതിയായി നൽകാൻ തയാറായതെന്നും ബിജു അറിയിച്ചു. എന്നാൽ, സോളാർ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാൽ ഇത് സംബന്ധിച്ച് മൊഴി നൽകേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു.