സോളാർ കമ്മിഷന്റെ റിപ്പോർട്ടിൻ മേൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ നിയമനടപടികൾ തുടരാമെന്ന് നിയമോപദേശം

തിരുവനന്തപുരം: വിവാദമായ സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്‌‌റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിൻ മേൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ നിയമനടപടികൾ തുടരാമെന്ന് നിയമോപദേശം. സുപ്രീം കോടതി മുൻ ജഡ്‌ജിയും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമായിരുന്ന ജസ്‌റ്റിസ് അരിജിത് പസായത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതു സംബന്ധിച്ച നിയമോപദേശം നൽകിയത്. നവംബർ ഒമ്പതിന് നിയമസഭയിൽ സോളാർ കേസിന്റെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ നിയമോപദേശം ലഭിക്കുന്നത്.

സോളാർ കേസിൽ ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറൻസിന് പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. സോളാർ കേസിലെ സാന്പത്തിക ക്രമക്കേട് അന്വേഷിക്കാനാണ് കമ്മിഷനെ നിയമിച്ചതെന്നും സരിതയെ ലൈംഗികമായി പീഡിപ്പിച്ചത് കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയും വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്.