സാമ്പത്തിക ബാധ്യതയ്‌ക്ക് കാരണം മാറിമാറി വന്ന സർക്കാരുകളെന്നു കെ എസ് ആർ ടി സി

കൊച്ചി: കോർപ്പറേഷന് സംഭവിച്ച സാമ്പത്തിക ബാധ്യതയ്‌ക്ക് കാരണം മാറിമാറി വന്ന സർക്കാരുകൾ കൊണ്ടുവന്ന നയങ്ങളാണെന്ന് കെ.എസ്.ആർ.ടി.സി . സർക്കാർ പ്രഖ്യാപിക്കുന്ന യാത്രാ സൗജന്യങ്ങൾ സർക്കാരിന് ബാധ്യതയുണ്ടാക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരമാണ് പെൻഷൻ നൽകുന്നത്. അത് കൊണ്ട് തന്നെ ജീവനക്കാരുടെ പെൻഷൻ നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആരോപിച്ചു.

കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. പെൻഷൻ കാര്യത്തിൽ സർക്കാരിന് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. 1984 മു​ത​ൽ സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കു പെ​ൻ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. പ്രതിസന്ധി മറികടക്കാൻ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തിട്ടുണ്ട് ഇനി കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ ഇതിന് മറുപടിയായി ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.