സമരപ്പന്തലിൽ ചാണകവെള്ളം തളിച്ച സംഭവത്തിൽ ഡി.ജി.പിക്കും കൊല്ലം കളക്‌ടർക്കും എസ്.സി, എസ്.ടി കമ്മിഷൻറ നോട്ടീസ്

കൊല്ലം: ഡി.ജി.പിക്കും കൊല്ലം കളക്‌ടർക്കും എസ്.സി, എസ്.ടി കമ്മിഷൻ നോട്ടീസ് അയച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രസംഗ വേദിയിൽ ചാണകവെള്ളം തളിച്ച സംഭവത്തിലാണ് കമ്മിഷന്റെ നടപടി. ഭാരതീയ ദളിത് കോൺഗ്രസാണ് കമ്മിഷനിൽ പരാതി നൽകിയത്.

സമരപ്പന്തലിൽ ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

റെയിൽവേയുടെ തട്ടിപ്പിനെതിരെ കൊട്ടാരക്കരയിൽ കഴിഞ്ഞ ചൊവ്വ. ബുധൻ ദിവസങ്ങളിൽ എം.പി നടത്തിയ ഉപവാസ സമരവേദിയിലാണ് മഹിളാ മോർച്ച പ്രവർത്തകർ ചാണകവെള്ളം തളിച്ചത്. ഇത് കഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി ജി.ഗോപകുമാർ അടക്കമുള്ളവരുടെ നേതൃത്വത്തിലെത്തിയ മഹിളാ മോർച്ച പ്രവർത്തകർ ഉപവാസ സമരം തട്ടിപ്പാണെന്ന് ആരോപിച്ച് ചാണക വെള്ളം തളിക്കുകയായിരുന്നു. എന്നാൽ ദളിതനായതിനാലാണ് എം.പിക്കെതിരെ മഹിളാ മോർച്ച ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു.