വേങ്ങരയിൽ നഷ്‌ടപ്പെട്ടത് നിഷ്‌പക്ഷ വോട്ടുകളെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നഷ്‌ടപ്പെട്ടത് നിഷ്‌പക്ഷ വോട്ടുകളാണെന്നും, എന്നാൽ വോട്ട് ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുസ്‌ലീം ലീഗ്. എന്നാൽ തങ്ങൾക്ക് കിട്ടേണ്ട പരമ്പരാഗത വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. കെ.എൻ.എ ഖാദറിന്റെ ഭൂരിപക്ഷത്തിൽ പാർട്ടിക്ക് പൂർണ തൃപ്‌തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് സർക്കാറിനും ബി.ജെ.പിക്കുമേറ്റ തിരിച്ചടിയാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സോളാർ കേസിനെ രാഷ്ട്രീയപരമായി പ്രതിരോധിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിയുടെ രാഷ്ട്രീയ അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും സ്ഥാനാർഥി നിർണയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും യോഗം വിലയിരുത്തി.