വെടിയേറ്റ് വീഴുമ്പോഴും സൈനികൻ കൊന്നുതള്ളിയത് മൂന്ന് തീവ്രവാദികളെ

ന്യൂഡൽഹി: മാതൃരാജ്യത്തിന് വേണ്ടി വെടിയേറ്റ് വീഴുമ്പോഴും സ്വന്തം ജീവന് വേണ്ടി കേഴാതെ സൈനികൻ കൊന്നുതള്ളിയത് മൂന്ന് തീവ്രവാദികളെ. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ സക്കീർ ഉൾ റഹ്‌മാൻ ലഖ്‌വിയുടെ അനന്തരവനുൾപ്പെടെയുള്ള തീവവാദികളെ വധിച്ച ശേഷമാണ് വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാല മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം.

കാശ്‌മീരിലെ ബന്ദിപ്പോര ജില്ലയിലെ ഹജീൻ മേഖലയിൽ കഴിഞ്ഞ ശനിയാഴ്‌ച നടന്ന പോരാട്ടത്തിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കറെ തയിബയുടെ കമാൻഡർമാരായ സർഗാം, മെഹ്മൂദ് എന്നിവരും ജമാ അത്തുദ്ദവയുടെ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദും ഉൾപ്പെടെയുള്ള കൊടുംഭീകരരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഇവരെ ഏറെ നാളായി തിരഞ്ഞുവരികയായിരുന്നു. ബന്ദിപ്പോരയിലെ ചന്ദർഗെയിർ ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

എന്നാൽ തീവ്രവാദികളിൽ നിന്ന് ആക്രമണമുണ്ടായിട്ടും അസാമാന്യ ധൈര്യം പുറത്തെടുത്ത നിരാല തന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റ് മെഷീൻ ഗണ്ണുമായി ഭീകരരെ നേരിടുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഈ വെടിവയ്‌പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റ് തീവ്രവാദികളുടെ നീക്കം തടയാനുമായി. എന്നാൽ പ്രത്യാക്രമണം തുടരുന്നതിനിടെ സ്വന്തം ജീവൻ പണയം വച്ച് തന്റെ സ്ഥാനം മാറിയത് മൂലമാണ് നിരാലയ്‌ക്ക് വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ അദ്ദേഹം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസം രണ്ട് ഗരുഡ് കമാൻഡോകളും ഇവിടെ കൊല്ലപ്പെട്ടിരുന്നു.

2004ലാണ് അടിയന്തര സാഹചര്യങ്ങളിൽ കരസേനയുടെ സഹായത്തിനെത്താൻ വ്യോമസേന ഗരുഡ് കമാൻഡോ വിഭാഗം രൂപീകരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ നിരാല 2005ലാണ് ഇതിന്റെ ഭാഗമാകുന്നത്. അടിയന്തരഘട്ടങ്ങളിൽ വേണ്ട പരിശീലനം നേടാൻ അടുത്തിടെയാണ് ഗരുഡ് കമാൻഡോകളെ കാശ്‌മീരിൽ നിയോഗിച്ചത്. ഒരു ഓഫീസറും 13 കമാൻഡോകളും ഉള്ള രണ്ട് സംഘമാണ് ഇപ്പോൾ കാശ്‌മീരിലുള്ളത്.