വി.ടി ബൽറാം എം.എൽ.എയുടെ പ്രസ്‌താവനയ്‌ക്ക് മറുപടി നൽകി മന്ത്രി എം.എം മണി

തിരുവനന്തപുരം: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധഗൂഢാലോചന കേസ് ശരിയായി അന്വേഷിക്കാതെ ഇടയ്‌ക്കു വച്ച് ഉണ്ടാക്കിയ ഒത്തുതീർപ്പിന് പ്രതിഫലമാണ് സോളാർ കേസെന്ന വി.ടി ബൽറാം എം.എൽ.എയുടെ പ്രസ്‌താവനയ്‌ക്ക് മറുപടി നൽകി മന്ത്രി എം.എം മണി. ”ടി.പി. കേസിൽ എന്നല്ല ഒന്നിലും അഡ്‌ജസ്‌റ്റ്‌മെന്റ് നടത്താൻ ഞങ്ങൾ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുൾപ്പെടെ കഴിഞ്ഞ സർക്കാർ ഞങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങൾ നേരിട്ടത”, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒട്ടും ബലമില്ലാത്ത രാമൻമാർക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ. ‘രാഷ്ട്രീയ വേട്ട’ എന്ന വാക്കുപയോഗിക്കാൻ മിനിമം ധാർമ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ. ഞാനുൾപ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണ്. എന്തായാലും കോൺഗ്രസുകാർ ചെയ്യുന്ന തരംതാഴ്ന്ന പ്രവർത്തനങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കണ്ട രാമാ. ന്യായീകരണ കുറിപ്പ് തയ്യാറാക്കാൻ 27 മണിക്കൂർ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ? നൂറു ഇരട്ടി ശക്തയോടെ തിരിച്ചു വരും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ??

ടി.പി. കേസിൽ എന്നല്ല ഒന്നിലും അഡ്‌ജസ്‌റ്റ്‌മെന്റ് നടത്താൻ ഞങ്ങൾ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുൾപ്പെടെ കഴിഞ്ഞ സർക്കാർ ഞങ്ങൾക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങൾ നേരിട്ടത്.

‘കോൺഗ്രസ് മുക്ത കേരളം’ എന്ന ലക്ഷ്യത്തലേക്ക് ഞങ്ങൾ പ്രയത്നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടല്ലോ. ഇപ്പോൾ ചെയ്യുന്ന ഈ പ്രവർത്തനം അങ്ങ് തുടർന്നേച്ചാമതി. 2022 ൽ ‘കോൺഗ്രസ് വിമുക്ത കേരളം’ സഫലമായിക്കൊള്ളും. പിന്നെ ‘ഭരണ വിരുദ്ധ വികാരം’ എടോ ഒന്ന് ആ ശീതീകരിച്ച മുറിയിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂ… അപ്പോ തനിയെ മനസ്സിലായിക്കൊള്ളും ഭരണത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ അഭിപ്രായങ്ങൾ. നാണവും മാനവും ഉളുപ്പുമുള്ളവർ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല.നിങ്ങൾകാട്ടിക്കൂട്ടിയ കൊള്ളരുതായ്മകൾ പുറത്ത് വരുമ്പോൾ ചുടു ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ല.