‘വയറി’നെതിരായ വിലക്ക്​ കോടതി നീക്കി

അഹ്​മദാബാദ്​: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ മകൻ ജയ്​ ഷായുടെ കമ്പനി ഒരു വർഷത്തിനകം 16,000 ഇരട്ടി വളർച്ച നേടിയെന്ന റിപ്പോർട്ട്​ പുറത്തുവിട്ട വാർത്താ പോർട്ടൽ ‘വയറി’നെതിരായ വിലക്ക്​ കോടതി തൽക്കാലം നീക്കി. ജയ്​ ഷായുടെ വ്യവസായവുമായി ബന്ധ​െപ്പട്ട വാർത്തകൾ തുടർന്നും നൽകാമെന്നും എന്നാൽ, വിഷയം പ്രധാനമന്ത്രിയുമായി ബന്ധിപ്പിക്കരുതെന്നും ​അഹ്​മദാബാദ്​ അഡീഷനൽ സീനിയർ സിവിൽ ജഡ്​ജി ബി​.കെ. ദസോൺഡി നിർദേശിച്ചു.

വാർത്ത പുറത്തുവന്നയുടൻ ജയ്​ ഷാ കോടതിയെ സമീപിച്ചതിനെ തുടർന്നാണ്​ തുടർവാർത്തകൾ നൽകുന്നതിൽനിന്ന്​ ‘വയറി’നെ ​വിലക്കിയിരുന്നത്​. അന്തിമ വിധി വരുംവരെ ഇതുമായി ബന്ധപ്പെട്ട്​ ഒന്നും പ്രസിദ്ധീകരിക്കരുതെന്നായിരുന്നു നിർദേശം. വിലക്ക്​ നീക്കാനാവശ്യപ്പെട്ട്​ ​പോർട്ടൽ നൽകിയ പരാതി സ്വീകരിച്ച കോടതി രണ്ടാഴ്​ചത്തേക്കാണ്​ ഇളവ്​ അനുവദിച്ചത്​. എന്നാൽ, കമ്പനിയുടെ വളർച്ചയിൽ പ്രധാനമന്ത്രിയുടെ പങ്ക്​ തെളിയിക്കുന്നതൊന്നും റിപ്പോർട്ടിലില്ലാത്തതിനാൽ അത്തരം പരാമർശം പാടില്ലെന്നും നിർദേശിച്ചു. ജയ്​ ഷാക്ക്​ ഉയർന്ന കോടതിയെ സമീപിക്കാമെന്നും ജഡ്​ജി വ്യക്​തമാക്കിയിട്ടുണ്ട്​.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതി​​െൻറ തൊട്ടടുത്ത വർഷം ജയ്​ ഷായുടെ കമ്പനിയുടെ വിറ്റുവരവ്​ 16,000 ഇരട്ടി വർധിച്ചുവെന്നായിരുന്നു വാർത്ത. ഇതിനെതിരെ ജയ്​ ഷാ 100 കോടിയുടെ മാനനഷ്​ടക്കേസ്​ നൽകിയിട്ടുണ്ട്​.