ലാലു പ്രസാദ്​ യാദവിന്​ മൂന്നര വർഷം തടവ്​

റാഞ്ചി: കാലീത്തീറ്റ കും​ഭകോണ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവിന്​ മൂന്നര വർഷം തടവ്​. തടവിന്​ പുറമേ ലാലു അഞ്ച്​ ലക്ഷം രൂപ പിഴയും നൽകണം. റാഞ്ചി സി.ബി.​െഎ ​പ്രത്യേക കോടതിയാണ്​ ലാലുവിനുള്ള ശിക്ഷ വിധിച്ചത്​. 950 കോടിയുടെ അഴിമതി നടന്നുവെന്ന്​ ആരോപിക്കുന്ന കാലിത്തീറ്റ കുംഭകോണത്തിലെ രണ്ടാമത്തെ കേസിലാണ്​ ഇപ്പോൾ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്​.

ലാലുവി​നൊപ്പം കേസിലെ മറ്റ്​ പ്രതികളായ ഫൂൽ ചന്ദ്​, മഹേഷ്​ പ്രസാദ്​, സുനിൽ കുമാർ, സുശീൽ കുമാർ, ബക്കേ ജുലിയസ്​, സൂധീർ കുമാർ എന്നിവർക്കും കോടതി മൂന്നര വർഷം തടവും അഞ്ച്​ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്​​. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്​ ആറ്​ കേസുകളാണ്​ നിലവിലുള്ളത്​. ഡേഗോറിലെ ട്രഷറിയിൽ നിന്ന്​ അനധികൃതമായി 89.27 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്​ ഇപ്പോഴത്തെ ശിക്ഷാവിധി. 1991 മുതൽ 1994 വരെ ലാലു ബീഹാർ മുഖ്യമന്ത്രിയായിരിക്കു​​േമ്പാഴാണ്​ അഴിമതി നടന്നത്​.

ഡിസംബർ 23ന്​ ലാലു കുറ്റക്കാരനാണെന്ന്​ സി.ബി.​െഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്​ ലാലുവിനെ ബിർസ മുണ്ട ജയിലിലേക്ക്​ മാറ്റിയിരുന്നു. ശിക്ഷ വിധിയുടെ പശ്​ചാത്തലത്തിൽ ആർ.ജെ.ഡി ശനിയാഴ്​ച യോഗം ചേരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നേരത്തെ രണ്ട്​ തവണ ലാലുവി​​െൻറ ശിക്ഷാവധി കോടതി മാറ്റിയിരുന്നു.