റിപ്പബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് റേറ്റിംഗ് ഇടിച്ച് മലയാളികൾ

തിരുവനന്തപുരം: കേരളത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ അർണബ് ഗോസാമിയുടെ റിപ്പബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. റിപ്പബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് പേജിൽ കുറഞ്ഞ റേറ്റിംഗ് നൽകിയാണ് മലയാളികളുടെ പ്രതിഷേധം. ഇതിനെ തുടർന്ന് ഇടയ്‌ക്ക് നിർത്തലാക്കിയ റേറ്റിഗ് സംവിധാനം പിന്നീട് പുനസ്ഥാപിച്ചു.

ഈ മാസം ആദ്യം മുതലാണ് പേജിൽ മലയാളികളുടെ റേറ്റിംഗ് പൊങ്കാല തുടങ്ങിയത്. ചൊവ്വാഴ്‌ച വൈകുന്നേരമായപ്പോഴേക്കും പേജിന്റെ റേറ്റിംഗ് 2.3ലേക്ക് താഴ്‌ന്നിട്ടുണ്ട്. കേരളത്തെക്കുറിച്ച് കള്ളപ്രചാരണമാണ് ചാനൽ നടത്തുന്നതെന്നും അർണബ് നടത്തുന്നത് മാദ്ധ്യമ പ്രവർത്തനമല്ലെന്നും ഭൂരിഭാഗം പേരും ആക്ഷേപിക്കുന്നു. സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തയെ തുടർന്ന് കോൺഗ്രസ് എം.പി ശശി തരൂരിനെ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതും പ്രതിഷേധത്തിന് കാരണമായി.