ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി

ഗുവാഹത്തി: ഇന്ത്യൻ സന്ദർശനത്തിനിടെ ആദ്യമായി പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പ്രകടനം പുറത്തെടുത്ത ഓസീസിന് മുന്നിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1 തുല്യത പാലിച്ചു. ഇതോടെ പരമ്പരയിലെ മൂന്നാം മത്സരം നിർണായകമായി.

119 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ മൂന്നാം വിക്കറ്റിൽ കൂട്ട് ചേ‌ർന്ന മോയിസ് ഹെൻറിക്വസും (62), ട്രാവിസ് ഹെഡ് (48 ) എന്നിവരുടെ ബാറ്റിംഗ് മികവാണ് വിജയത്തിലേക്ക് എത്തിച്ചത്. വേർപിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 109 റൺസാണ് ഇരുവരും നേടിയത്. തുടക്കത്തിലെ നായകൻ ഡേവിഡ് വാർണറെ ജസ്പ്രീത് ബുംറയും ആരോൺ ഫിഞ്ചിനെ ഭുവനേശ്വർ കുമാറും മടക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഹെഡും ഹെൻറിക്വസും ചേർന്ന് ഇന്ത്യയുടെ വിജയപ്രതീക്ഷ തകർക്കുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 19.5 ഓവറിൽ 118 റൺസിന് എല്ലാവരും പുറത്തായി. നാല് മുൻനിര വിക്കറ്റെടുകൾ എടുത്ത ജാസൻ ബെഹ്റൻഡോഫിനാണ് ഇന്ത്യയെ തകർത്തത്.രണ്ട് ഫോറടിച്ച് രോഹിത് ശർമ ഇന്നിംഗ്സിന് തുടക്കം കുറിച്ചെങ്കിലും ബെഹ്റൻഡോഫിന് ബൗളിംഗിന് മുന്നിൽ ഇന്ത്യയുടെ മുൻനിര തകരുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രോഹിതിനെയും നായകൻ വിരാട് കൊഹ്‌ലിയേയും മടക്കി ഓസീസ് ബെഹ്റൻഡോഫ് ഇന്ത്യയെ ഞെട്ടിച്ചു. ശിഖർ ധവാനും പിന്നാലെയെത്തിയ മനീഷ് പാണ്ഡയും ബെഹ്റൻഡോഫിന് മുന്നിൽ തന്നെ കീഴടങ്ങിയപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി.

27 റൺസ് എടുത്ത് കേദാർ ജാദവും 25 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയും പൊരുതി നോക്കിയെങ്കിലും മികച്ച ഇന്നിംഗ്സ് പടുത്തുയർത്താൻ സാധിച്ചില്ല. ഇന്ത്യൻ നിരയിൽ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.