രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വിചാരണ സർക്കാരിന്റെ അനുമതിയോടെ മാത്രം

ജയ്‌പൂർ: അഴിമതി നിരോധന നിയമപ്രകാരം ജഡ്‌ജിമാരേയും സർക്കാർ ഉദ്യോഗസ്ഥരേയും വിചാരണ ചെയ്യുന്നതിന് ഇനിമുതൽ സർക്കാരിന്റെ അനുമതി വേണ്ടിവരും. ഇതു സംബന്ധിച്ച് ഓർഡിനൻസിന് മുഖ്യമന്ത്രി വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗീകാരം നൽകി. ഓർഡിനൻസ് തിങ്കളാഴ്ച നിയമസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. 200 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാരിന് 162 അംഗങ്ങളുടെ ഭൂരിപക്ഷമുള്ളതിനാൽ ഓർഡിനൻസ് സഭയിൽ നിഷ്പ്രയാസം പാസാവും.

ജഡ്‌ജിക്കോ,​ മുൻ ജഡ‌്‌ജിക്കോ,​ പൊതു സേവകനോ എതിരെ അന്വേഷണത്തിന് ഉത്തരവിടാൻ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് നിയമ ഭേദഗതിയിൽ പറയുന്നു.മന്ത്രിമാർ, ജഡ്ജിമാർ, എം.എൽ.എമാർ എന്നിവർക്ക് 180 ദിവസത്തെ പരിരക്ഷ നിയമം മൂലം ഉറപ്പുവരുത്തുന്നതാണ് ഓർഡിനൻസ്. ഇതിനായി 1973ലെ ക്രിമിനൽ നടപടിച്ചട്ടമാണ് ഭേദഗതി ചെയ്തത്. പുതിയ ക്രിമിനൽ നിയമ ഭേദഗതി അനുസരിച്ച് ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്കും വിലക്കുണ്ടാവും.

അഴിമതി കേസുകളിൽ സർക്കാരിന്റെ അനുമതിയില്ലാതെ ജഡ്‌ജിമാർക്കോ പൊതുപ്രവർത്തകർക്കോ എതിരെ കോടതികൾക്ക് സ്വകാര്യ അന്യായങ്ങൾ സ്വീകരിക്കാൻ കഴിയില്ല. ഇനി സ്വീകരിച്ചാൽ തന്നെ പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമെ ആരോപണ വിധേയരുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീരിക്കാവൂ എന്നും നിബന്ധനയുണ്ട്. ആരോപണവിധേയരുടെ ചിത്രം,​ ഔദ്യോഗിക പദവി,​ കുടുംബ പശ്ചാത്തലം എന്നിവയും പരാമർശിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ മാദ്ധ്യമ പ്രവർത്തകർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളും ഓർഡിനൻസിലുണ്ട്. ആറ് മാസത്തിനകം അനുമതി പ്രോസിക്യൂഷൻ അനുമതിക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നടപടി സ്വീകരിക്കും.