യു.ഡി.എഫ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടാൻ അനുവദിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ ചുവട് പിടിച്ച് യു.ഡി.എഫ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അന്വേഷണം പൂർത്തിയായി കോടതി തീരുമാനം എടുക്കും വരെ കേവലം നിഗമനങ്ങളുടെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സംബന്ധിച്ച് യു.ഡി.എഫ് തീരുമാനമെടുക്കും. യു.ഡി.എഫ് നേതാക്കൾക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

സോളാർ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങളെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തു വിട്ടത് സർക്കാരിന് റിപ്പോർട്ടിൻ മേൽ ലഭിച്ച നിയമോപദേശം മാത്രമാണ്. കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങളല്ല പുറത്തു വന്നിരിക്കുന്നത്. ഇതിൻ മേലുള്ള ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ തന്നെ വ്യക്തമാക്കി കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൻമാരുടെ പൊതുജീവിതം സുതാര്യമാണ്. ഇത്തരം ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം നോക്കി ഇത്തരമൊരു രാഷ്ട്രീയ നീക്കം നടത്തിയ ഇടതു സർക്കാരിന്റെ ഗൂഢലക്ഷ്യത്തെ വേങ്ങരയിലെ വോട്ടർമാർ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാന ഉത്തരവാദികളെന്ന് കേസന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ കണ്ടെത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.