യു.എ.ഇയിൽ സ്കൈപ്പ് നിരോധിച്ചു

ദുബായ്: പ്രവാസികൾക്ക് നാട്ടിലെ പ്രിയപ്പെട്ടവരുമായി പരസ്‌പരം കണ്ട് സംസാരിക്കാൻ ഇനി മുതൽ സ്കൈപ്പിലൂടെ കഴിയില്ല. പുതുവർഷത്തിന്റ ആരംഭത്തിൽ തന്നെ പ്രവാസികൾക്ക് തിരിച്ചടിയായി യു.എ.ഇയിലെ സ്കൈപ്പ് നിരോധനം. സ്കൈപ്പ് ആപ്ലിക്കേഷൻ കാണാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഇത് നിയമവിരുദ്ധമാണെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും മറുപടി നൽകി.

അംഗീകാരമില്ലാതെ വോയ്‌പ് സേവനങ്ങൾ നൽകുന്നതിനാണ് സ്കൈപ്പിനെ യു.എ.ഇയിൽ നിരോധിച്ചത്. വീഡിയോ കോളുകൾക്ക് മറ്റ് ബദൽ മാർഗങ്ങളുണ്ടെന്നും ടെലികോ കമ്പനികൾ വ്യക്തമാക്കി. ബോടിം, സിമി എന്നിവയാണ് അൺലിമിറ്റഡ് വോയിസ് ആൻഡ് വീഡിയോ സേവനങ്ങളുടെ ഭാഗമായി മൊബൈൽ സേവനദാതാക്കൾ ലഭ്യമാക്കുന്നത്. എന്നാൽ ഈ ആപ്ലിക്കേഷനുകൾ മാസവരി നൽകിയാൽ മാത്രമെ പ്രവർത്തന സജ്ജമാവുകയുള്ളു.

മൊബൈൽ ഇന്റർനെറ്റ് കോളിംഗ് പായ്‌ക്കിന് 50 ദിർഹവും ഹോം പാക്കേജിന് (വൈഫൈ ഉപയോഗിച്ച് വീട്ടിലുള്ളവർക്കെല്ലാം ഉപയോഗിക്കാനാവും) 100 ദിർഹമാണ് മാസവരിയായി നൽകേണ്ടത്. ഒരു മണിക്കൂർ വീഡിയോ കോളിംഗിൽ ഏകദേശം 210 എം.ബിയോളം വേണ്ടിവരും.