മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെത്തി

ശബരിമല: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുക്കാനും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെത്തി. യാത്രയ്‌ക്കിടെ ഇടയ്‌ക്ക് മഴ പെയ്‌തെങ്കിലും അതൊന്നും വകവയ്‌ക്കാതെയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്.ചൊവ്വാഴ്‌ച രാവിലെ 10ന് ഗസ്‌റ്റ് ഹൗസ്,വാട്ടർ ടാങ്ക് എന്നിവയുടെ തറക്കല്ലിടൽ, 11ന് ഇക്കൊല്ലത്തെ തീർത്ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം എന്നിവയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം പമ്പയിലേക്ക് പുറപ്പെടും. 5. 30ന് നിലയ്‌ക്കൽ പിൽഗ്രിം സെന്റർ ഉദ്ഘാടനവും പമ്പ ബ്യൂട്ടിഫിക്കേഷൻ, ടോയ്ലറ്റ് കോംപ്ളക്‌സ്, നടപ്പന്തൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കും.

പിണറായി ശബരിമലയിലെത്തുന്നത് ഇതാദ്യം
മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ശബരിമലയിലെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , ആർ.ചന്ദ്രശേഖരൻ , കെ.രാജു, മാത്യു ടി തോമസ് എന്നിവരും ഒപ്പമുണ്ട്. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി നെടുമ്പാശേരിയിൽ എത്തി അവിടെ നിന്ന് റോഡ് മാർഗം ഇന്നലെ രാത്രി 8.30 ന് പമ്പയിലും , പത്തേകാലോടെ ശബരിമലയിലും എത്തി. പമ്പയിൽ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രാജു ഏബ്രഹാം എം.എൽ.എ എന്നിവർ ചേർന്നു സ്വീകരിച്ചു. പമ്പ ദേവസ്വം ഗസ്‌റ്റ് ഹൗസിൽ 15 മിനിട്ട് വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് മല ചവിട്ടി .സ്വാമി അയ്യപ്പൻ റോഡു വഴി പതുക്കെയാണ് മല ചവിട്ടിയത്. ദേവസ്വം ബോർഡ് പ്രസിഡന്റും, ദേവസ്വം മന്ത്രിയും, പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ എന്നിവർ ഉൾപ്പെട്ട ഉദ്യേഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു.