മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ എ.എ.അസീസിനെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയെന്ന പരാതിയിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കാൻ കഴിയുമോ എന്ന് അന്വേഷിക്കാൻ ഹൈടെക് സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിർദ്ദേശം നൽകിയത്. സാമൂഹ്യ പ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുന്നതിനു പിണറായിക്ക് ധൈര്യമില്ല എന്നു വ്യക്തമാക്കുന്നതിന് അശ്ലീല ചുവയുള്ള നാടൻ പദമാണ് ഐക്യ മഹിളാ യൂണിയൻ ജില്ലാ സമ്മേളനത്തിൽ അസീസ് ഉപയോഗിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്‌.ഐ നേതാവ് നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു. അസഭ്യ വാക്ക് ഉപയോഗിച്ചു, സ്ത്രീകൾ ഇരിക്കുന്ന പൊതുവേദിയിൽ അശ്ലീല പ്രയോഗം നടത്തി എന്നിവ ആരോപിച്ചായിരുന്നു പരാതി.