ഭൂമിയിടപാട്: വത്തിക്കാൻ ഇടപെടണമെന്ന് വൈദികർ

കൊച്ചി: വൈദിക സമിതി യോഗം മുടങ്ങിയതോടെ ഇനി ക്ഷമിക്കേണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ തീരുമാനിച്ചു. ഇന്നോ നാളെയോ തന്നെ മാർപ്പാപ്പയ്ക്ക് രേഖാമൂലം പരാതി നൽകും. വത്തിക്കാന്റെ ഇടപെടലല്ലാതെ സ്ഥലവില്പന സംബന്ധിച്ച അന്വേഷണത്തിന് പോംവഴിയില്ലെന്ന നിലപാടിലാണ് സ്ഥലമിടപാടിലെ കോടികളുടെ നഷ്ടം പുറത്തെത്തിച്ച വൈദികർ.
സ്ഥലമിടപാടിൽ സിറോ മലബാർ സഭയ്ക്കുണ്ടായ നഷ്ടവും അതിന് ഉത്തരവാദികൾ ആരെല്ലാമാണെന്നും വിവരിക്കുന്ന പരാതി രണ്ടു ദിവസം മുമ്പ് തയ്യാറാക്കിയിരുന്നു. കർദ്ദിനാൾ നിയോഗിച്ച സമിതി റിപ്പോർട്ടും ചേർത്ത് പരാതി നൽകാനായിരുന്നു തീരുമാനം. വൈദിക സമിതി മുടങ്ങിയ സാഹചര്യത്തിലാണ് പരാതി നേരിട്ടയക്കുന്നത്.
വൈദിക സമിതി യോഗം മുടങ്ങിയത് യാദൃശ്ചികമല്ലെന്ന് ഒരു മുതിർന്ന വൈദികൻ ‘കേരളകൗമുദി’യോട് പറഞ്ഞു. യോഗം മുടക്കാൻ ആസൂത്രിതമായ നീക്കം നടന്നു. കർദ്ദിനാളിനെ തടഞ്ഞുവച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. കർദ്ദിനാളിന്റെ സമ്മതത്തോടെയാണ് വൈദിക സമിതി യോഗം നിശ്ചയിച്ചത്. അദ്ദേഹം പങ്കെടുക്കുന്നത് തടയാൻ സഭയിൽ ഇന്നേവരെയില്ലാത്ത നാടകീയരംഗങ്ങൾ ചിലർ സൃഷ്ടിക്കുകയായിരുന്നു.
സ്ഥലമിടപാട് അന്വേഷണിച്ച സമിതിയുടെ റിപ്പോർട്ട് മാരകമാണെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് യോഗം മുടക്കാൻ ശ്രമിച്ചതെന്ന് സംശയിക്കുന്നു. റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ല.ഇനി വിട്ടുവീഴ്ചയ്ക്കില്ല. വത്തിക്കാന്റെ ഇടപെടൽ അനിവാര്യമാണ്. തെറ്റ് ചെയ്തവർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.