ബി.സി.സി.ഐ.യ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്

കൊച്ചി: തനിക്കെിരെ ഏര്‍പ്പെടത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബി.സി.സി.ഐ.യ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്.

ഞാന്‍ യാചിക്കുകയല്ല. എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരാനാണ് ആവശ്യപ്പെടുന്നത്. അതെന്റെ അവകാശമാണ്. നിങ്ങളാരും ദൈവത്തിന് മുകളിലല്ല. ഞാന്‍ ഇനിയും കളിക്കും. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് പറയുന്ന ബി.സി.സി.ഐ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും കാര്യത്തില്‍ എന്താണ് ചെയ്യുന്നത്. പലകുറി നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട ഒരാള്‍ക്കെതിരെ ചെയ്യാവുന്ന ഏറ്റവും നെറികെട്ട കാര്യമാണിത്. എന്താണ് ഇതിന്റെ പൊരാള്‍ എ ന്ന് മനസ്സിലാവുന്നില്ല-ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

ഐ.പി.എല്ലില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ. ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നീക്കിയത്. ശ്രീശാന്തിന് വീണ്ടും കളിക്കാനുള്ള വഴി തുറന്നുകിട്ടിയ ഈ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.സി.സി.ഐ. ഇതാണ് ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റും 53 ഏകദിനങ്ങളും ഒരു ലോകകപ്പ് ഉള്‍പ്പടെ 10 ടിട്വന്റികളും കളിച്ച ശ്രീശാന്തിനെ ചൊടിപ്പിച്ചത്.