ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എറണാകുളം: ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സി.പി.എം അംഗത്തെ നിയമിക്കാനുള്ള അനധികൃത ഇടപെടലുകൾ മന്ത്രി നടത്തി. അപേക്ഷ നൽകാനുള്ള തീയതി മാറ്റാനുള്ള തീരുമാനമെടുത്തത് കാരണം വ്യക്തമാക്കാതെയാണെന്ന് പറഞ്ഞ കോടതി മന്ത്രിയുടെ ഇടപെടൽ സദുദ്യേശ പരമല്ലെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടി.

തുടർന്ന് വയനാട് ബാലാവകാശ കമ്മീഷൻ അംഗം ടി.ബി.സുരേഷിന്റെ നിയമനം കോടതി റദ്ദാക്കി.സി.പി.എം പ്രവർത്തകനായ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് കോടതിയ്‌ക്ക് ബോധ്യമായതിനെ തുടർന്നാണ് നടപടി. പഴയ അപേക്ഷയിൽ നിന്നും ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ചട്ടങ്ങൾ പ്രകാരം കുട്ടികൾക്കെതിരെയുള്ള ഒരു അവകാശ ലംഘനത്തിനും ക്രിമിനൽ കേസിൽ പ്രതികളോ, ആരോപണവിധേയരോ ആകാത്ത ആളുകളെ മാത്രമേ കമ്മീഷനിലെ അംഗങ്ങളായി നിയമിക്കാൻ പാടുള്ളൂ. എന്നാൽ ടി.ബി. സുരേഷ് എന്ന അംഗം പ്രായപൂർത്തിയാകാത്ത കുട്ടിയെ വൈദീകൻ പീഡിപ്പിച്ച കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സസ്‌പെൻഡ് ചെയ്യുകയോ അധികാരത്തിൽ നിന്നും മാറ്റിനിർത്തുകയോ ചെയ്തിട്ടുള്ള മൂന്നംഗ ചൈൽഡ് വെൽഫെയർ കമ്മറ്റിയിലെ ഒരാളാണെന്നായിരുന്നു ആരോപണം.