പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ജിഗ്നേഷ് മേവാനി

ന്യൂഡൽഹി: പ്രശസ്‌ത ഫ്രഞ്ച് ജോത്സ്യൻ നോസ്ട്രഡാമസ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നടൻ ഇന്ത്യയിൽ നിന്നാകുമെന്ന് പ്രവചിച്ചിരുന്നതായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി പറഞ്ഞു. തന്റെ അഭിപ്രായത്തിൽ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ദളിത് സമുദായത്തോട് കാട്ടുന്ന പിന്തുണ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

ദളിത് സമുദായത്തോട് അനുഭാവപൂർവം സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ചില പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത് കൊണ്ടായിരുന്നു മേവാനിയുടെ ആക്രമണം. എന്നാൽ മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന നിലവിലെ പ്രശ്‌നത്തിൽ മോദി അഭിപ്രായം പറയാത്തതിനെയും മേവാനി കണക്കിന് വിമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് മോദി ഹിമാലയത്തിലേക്ക് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മറാത്ത- ദളിത് സംഘർഷവുമായി ബന്ധപ്പെട്ട് ജിഗ്നേഷ് മേവാനി, ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എന്നിവർക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഡിസംബർ 31ന് പൂനെയിലെ ശനിവാർവാദയിൽ നടത്തിയ പ്രസംഗമാണ് കേസിന് അടിസ്ഥാനം. പ്രകോപനമായി പ്രസംഗത്തിലൂടെ വർഗീയ അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിയെന്ന് വ്യക്തമാക്കിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.