പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാണെന്ന് നടൻ വിശാൽ.

ചെന്നൈ: ഇനിയും ഏത് പ്രത്യാഘാതങ്ങൾ വേണമെങ്കിലും അഭിമുഖീകരിക്കാൻ തയ്യാറാണെന്ന് തമിഴ് നടൻ വിശാൽ. ഇൗ സർക്കാരിലെ ആരെ വേണമെങ്കിലും താൻ വിമർശിക്കും. ആദായ നികുതി ഉദ്യോഗസ്ഥരെ ഇനിയും അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ വിശാലിന്‍റെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ നിലപാട് വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ തിരഞ്ഞെടുത്ത സമയമാണ് സംശയം ജനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെർസൽ സിനിമയുടെ വ്യാജ കോപ്പി കണ്ട എച്ച്. രാജക്കെതിരെ നടപടി വൈകുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. മറ്റ് കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ കാണിക്കുന്ന ശുഷ്കാന്തി ഇൗ കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ വ്യാജ കോപ്പികൾ കാണുന്നത് ഉത്തരാവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന രാജയെ പോലൊരാൾക്ക് ചേർന്ന പ്രവർത്തിയല്ല. താങ്കളെങ്ങനെ മറ്റുള്ളവർക്ക് മാതൃകയാകും എന്നും വിശാൽ ചോദിച്ചു.
മെർസൽ സിനിമയുടെ വ്യാജ കോപ്പി താൻ കണ്ടു എന്ന രാജയുടെ പരസ്യ പ്രസ്താവനയെ ട്വിറ്ററിലൂടെ വിശാൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്ന് വിശാലിന്‍റെ വീട്ടിൽ ആദായ നികുതി വിഭാഗം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇത് പരിശോധനയല്ലെന്നും വെറും സന്ദർശനം മാത്രമായിരുന്നുവെന്നുമാണ് വിശാൽ പ്രതികരിച്ചത്. ഇതൊരു രാഷ്ട്രീയ കുടിപ്പകയാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.