പുതിയ 200 രൂപ നോട്ടുകൾ അടുത്തമാസം തന്നെ പുറത്തിറക്കും

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ നോട്ട് റദ്ദാക്കിയതിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ. വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുയാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. വിനിമയത്തിനായി നേരിടുന്ന ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകൾ അടുത്തമാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും, ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ, 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച പ്രതിപക്ഷം ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചെങ്കിലും ധനമന്ത്രി അരുൺ ജയ്റ്റ്‌‌ലി മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദം തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം ശക്തമാകാൻ ഇടയായത്.