പി.ടി.ചാക്കോയെ തേജോവധം ചെയ്‌തവർ സരിതയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ മാളത്തിൽ ഒളിച്ചിരിക്കുന്നു: പി.സി.ജോർജ്

തിരുവനന്തപുരം:കോൺഗ്രസ് നേതാവ് പി.ടി.ചാക്കോയെ തേജോവധം ചെയ്‌തവർ ഇന്ന് സരിതയുടെ വെളിപ്പെടുത്തലുകൾക്ക് മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. തന്നെക്കാൾ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്‌തതിന്റെ പേരിൽ അന്നത്തെ ചില കോൺഗ്രസ് നേതാക്കന്മാർ ‘പീച്ചി സംഭവമെന്ന’ പേരിൽ അദ്ദേഹത്തെ തേജോവധം ചെയ്‌തു. നാടിന് വേണ്ടി ജീവിച്ച അദ്ദേഹം ഹൃദയഭാരത്താലാണ് മരിച്ചതെന്നും പി.സി.ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
63 വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ് നേതാവ് തന്നെക്കാൾ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്‌തു,അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി.

നാടിനും കർഷകർക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രാഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്‌തംഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം!!

വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയ്‌ക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും…