പിണറായി വിജയന്‍റെ പരാമർശങ്ങൾ അസംബന്ധമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശങ്ങൾ അസംബന്ധമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. സി.പിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് ബി.ജെ.പി നടത്തുന്നത്. 14 കൊലപാതകങ്ങളാണ് പിണറായി ഭരമമേറ്റെടുത്തതിന് ശേഷം കേരളത്തിൽ അരങ്ങേറിയത്. സി.പി.എം ആർ.എസ്.എസുകാർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാളെ പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജസേഖരന്‍റെ പദയാത്ര ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പര്യടനങ്ങളിൽ മൂന്ന് ദിവസം അമിത് ഷാ പങ്കെടുക്കുമെന്നും അദ്ദേഹം ജാവദേക്കർ പറഞ്ഞു.

ഒരു വർഗീയശക്​തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആർ.എസ്​.എസ്​ ​തലവൻ മോഹൻ ഭാഗവത് വിജയദശമി ദിവസം കേരളവും ബംഗാളും ജിഹാദി ശക്തികൾക്ക് പിന്തുണ നൽകുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പിണറായി‍ ആർ.എസ്.എസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വർഗീയശക്​തികളെ വർഗീയശക്​തികളായും ക്രിമിനൽകുറ്റത്തെ അതായും തീവ്രവാദപ്രവർത്തനത്തെ അങ്ങനെയും കാണുന്ന നാടാണ്​ കേരളമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.