പളനിസ്വാമി-പനീർശെൽവം പക്ഷങ്ങളുടെ ലയന പ്രഖ്യാപനം തിങ്കളാഴ്ച

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ചുവടുവയ്പ്. അണ്ണാ ഡി.എം.കെയിൽ ചേരിതിരിഞ്ഞു നിൽക്കുന്ന ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും തമ്മിൽ ഒന്നിക്കുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. ലയനം സംബന്ധിച്ച ഒത്തുതീർപ്പ് ചർച്ചകൾ പ്രകാരം മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം നയിക്കുന്ന ഒ.പി.എസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി പദവിയും രണ്ട് മന്ത്രിസ്ഥാനങ്ങളും ലഭിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലയന ചർച്ചകൾ ഇരുവിഭാഗങ്ങളും കടുംപിടുത്തം തുടർന്നത് കാരണം തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതോടെ അണ്ണാ ഡി.എം.കെയിൽ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. തുടർന്ന് പ്രധാന ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പനീർശെൽവം വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി.എം.കെയിലെ ലയനം യാഥാർത്ഥ്യമാകുന്നത്. ഇരുവിഭാഗങ്ങളും നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ പ്രകാരം പനീർശെൽവത്തിന് മുഖ്യമന്ത്രി പദവിയോ, പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയോ ലഭിക്കില്ല. ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന ഒ.പി.എസ് പക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേതൃത്വം നൽകുന്ന ഇ.പി.എസ് വിഭാഗം നിരസിച്ചു. എന്നാൽ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് തത്വത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന