നോട്ട് നിരോധനത്തെ തുടർന്ന് ഷെൽ കമ്പനികൾ വെളുപ്പിച്ചത് 4552 കോടി രൂപ

ന്യൂ‌ഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തെ 5800ലധികം വരുന്ന കമ്പനികൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 4574 കോടി രൂപ. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന് നൽകിയത്. നിക്ഷേപിച്ച ഉടൻ തന്നെ ഭൂരിപക്ഷം തുകയും അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. 4552 കോടി രൂപയാണ് ഇത്തരത്തിൽ വെളുപ്പിച്ചിരിക്കുന്നത്.

13140 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കമ്പനികളിൽ ചിലത് നൂറിലേറെ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു കമ്പനിക്ക് മാത്രമായി 2134 അക്കൗണ്ടുകൾ ഉണ്ട്. ബാലൻസില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ സർക്കാർ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ കള്ളപ്പണം വെളുപ്പിച്ച വിവരം പുറത്തറിയുന്നത്.