നാവിക് ആപ്ലിക്കേഷൻ ഉപകരണത്തിന്റെ പരീക്ഷണം വിജയം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വഴികാട്ടിയാവുന്ന നാവിക് ആപ്ലിക്കേഷൻ ഉപകരണത്തിന്റെ പരീക്ഷണം വിജയിച്ചു.
ഐ.എസ്.ആർ.ഒയുടെ ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ ‘നാവിക് ‘ ഒരു മണിക്കൂർ ഇടവിട്ട് അയച്ച പരീക്ഷണ സന്ദേശങ്ങളെല്ലാം മത്സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിച്ച ഉപകരണം സ്വീകരിച്ചു.
വിഴിഞ്ഞം, നീണ്ടകര, വൈപ്പിൻ എന്നിവിടങ്ങളിൽ നിന്ന് ഉപകരണങ്ങൾ ഘടിപ്പിച്ച ആറ് ബോട്ടുകളാണ് ഇന്നലെ രാവിലെ ഉൾക്കടലിലേക്ക് പരീക്ഷണത്തിനായി പോയത്.
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരും ഫിഷറീസ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് പോയി. രാവിലെ എട്ടരയോടെ നാവിക് ഉപഗ്രഹ ശൃംഖലയിൽ നിന്ന് ആദ്യ പരീക്ഷണ സന്ദേശം ബോട്ടുകളിലെ ഉപകരണങ്ങൾ വഴി മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണിൽ ലഭിച്ചു. ഫിഷറീസ് ഡയറക്ടറുടെ ഓഫീസിലെ ഉപകരണത്തിലും ഇതേസമയം സന്ദേശം ലഭിച്ചു.
നിലവിൽ സന്ദേശങ്ങൾ ഇംഗ്ലീഷിലാണ്. മലയാളത്തിൽ ടെക്‌സ്റ്റ് സന്ദേശവും വോയിസ് സന്ദേശവും ലഭിക്കാനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ അറിയിച്ചു. ഇതിനായി ഡൽഹിയിലെ ‘മാപ്‌ മൈ ഇന്ത്യ’യുടെ സോഫ്‌റ്റ്‌വെയറിൽ മലയാളം കൂട്ടിച്ചേർക്കും.
200നോട്ടിക്കൽ മൈൽ വരെ പല ഘട്ടങ്ങളായി സന്ദേശം അയച്ചുള്ള പരീക്ഷണം ഇന്ന് വൈകിട്ട് ആറുവരെ തുടരും. നാവിക് ശൃംഖലയിൽ നിന്നുള്ള പരീക്ഷണ സന്ദേശങ്ങളായതിനാൽ അവഗണിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഐ.എസ്.ആർ.ഒ ആസ്ഥാനത്തെ സീനിയർ ശാസ്‌ത്രജ്ഞൻ ഹനുമന്ത്‌രായപ്പ, അഹമ്മദാബാദ് സ്പേസ്ആപ്ലിക്കേഷൻ സെന്ററിലെ ശാസ്ത്രജ്ഞൻ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.