നവംബർ ഏഴിന് കമലഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ചെന്നൈ: തന്റെ ജന്മദിനമായ നവംബർ ഏഴിന് ഉലകനായകൻ കമലഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ജൂലായ് മുതൽ സസ്‌പെൻസ് തുടരുകയാണ് കമലഹാസൻ. ‘ആനന്ദ വികടൻ’ എന്ന തമിഴ് മാഗസിനിൽ കമലഹാസൻ എഴുതുന്ന കോളത്തിലാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നത്.

തന്റെ ജന്മദിനത്തിൽ ഒരുങ്ങിയിരിക്കാനാണ് ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മദിനത്തിൽ എല്ലാം പറയും എന്നാണ് ലേഖനത്തിന്റെ തുടക്കം തന്നെ.

ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ‘വലിയ യുവ ശക്തി കാത്തിരിക്കുകയാണ്. അവരെ ഏകോപിപ്പിക്കാനുള്ള കർത്തവ്യം എന്നിൽ അർപ്പിതമായിരിക്കുന്നു. അവർക്കുവേണ്ടി എല്ലാം നവംബർ ഏഴിന് പറയും. സംഭാഷണം മാത്രമല്ല, മറിച്ച് പരിശീലനവും ശില്പശാലകളും നടത്താനാണ് ലക്ഷ്യം. സർക്കാർ എല്ലാം ചെയ്യുമെന്ന പ്രതീക്ഷ അവസാനിച്ചു.’