നരേന്ദ്രമോദിയെ പിന്തുണച്ചതിൽ പശ്ചാത്തപിക്കുന്നെന്ന് അരുൺ ഷൂരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് മുൻ കേന്ദ്രമന്ത്രിയും മാദ്ധ്യമപ്രവർത്തകനുമായ അരുൺ ഷൂരി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം ഇത് രണ്ടാം തവണയാണ് മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. കസൗലിയിൽ ഖുഷ്‌വന്ത് സിംഗ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ചെയ്‌ത അബദ്ധങ്ങളിലൊന്ന് വി.പി സിംഗിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോദിയെ പിന്തുച്ചതും. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന ഷൂരി പറഞ്ഞു.

മോദിയുടെ സാമ്പത്തിക നയത്തെ വിമർശിച്ച് മൂൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാർട്ടിയിൽ അവഗണിക്കപ്പെട്ടതിലുള്ള നിരാശയാണ് രണ്ട് മുൻ മന്ത്രിമാരേക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് എന്നാണ് ബി.ജെ.പി ഇതിനെതിരെ പ്രതികരിച്ചത്. പ്രസംഗത്തിനിടെ മാദ്ധ്യമങ്ങളേയും ഷൂരി വിമർശിച്ചു. മാദ്ധ്യമങ്ങൾ സത്യം വെളിച്ചത്തുകൊണ്ടുവരാൻ പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.