നടൻ ശ്രീനാഥിന്റെ മരണത്തിൽ പുനരന്വേഷണ ആവശ്യവുമായി നടന്റെ കുടുംബം

തിരുവനന്തപുരം: നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി നടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും കുറ്റാന്വേഷണ ഏജൻസിയോ, കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് ആവശ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് ആത്മഹത്യ ചെയ്യില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

മോഹൻലാൽ കേന്ദ്രകഥാപാത്രമായ ശിക്കാർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ്, 2010 ഏപ്രിൽ 23ന് ശ്രീനാഥിനെ കോതമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. വലത് കൈയിൽ ബ്ലേഡ് പിടിച്ചിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.