നടിയുടെ പേര് വെളിപ്പെടുത്തിയ കമൽഹസന് ദേശീയ വനിതാ കമീഷന്‍ നോട്ടീസ്

ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയുടെ പേര് പരസ്യമാക്കിയ നടൻ കമൽഹസന് ദേശീയ വനിതാ കമീഷന്‍ നോട്ടീസ് അയച്ചു. നടി ആക്രമിച്ച കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് നടിയുടെ പേര് കമൽ പറഞ്ഞത്. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, മാധ്യമങ്ങൾ അവരുടെ പേര് വെളിപ്പെടുത്തിയതാണല്ലോ എന്നായിരുന്നു കമലിന്‍റെ മറുപടി. അതിൽ തെറ്റില്ലെന്നും വേണമെങ്കിൽ അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ ആകാമെന്നായിരുന്നു കമല്‍ഹാസന്‍റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് ഇരയെ കാണുന്നതെന്നും നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണെന്നു പറഞ്ഞ കമല്‍ ആത്മാഭിമാനമുള്ള പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെ വ്യക്തമാക്കിയിരുന്നു.

തമിഴിലെ ടി വി റിയാൽറ്റി ഷോ ബിഗ് ബോസിലെ വിവാദത്തിന് പിറകെയാണ് കമല്‍ പുതിയ വിവാദത്തില്‍ പെടുന്നത്. അദ്ദേഹത്തിനും വീടിനും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.