ദീപക് മിശ്ര അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാറിന്റെ പിൻഗാമിയായി മുതിർന്ന ജഡ്ജിയായി ദീപക് മിശ്രയെ നിയമിതനാകും. രാജ്യത്തിന്റെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമിക്കാനുള്ള ജെ.എസ്.ഖേഹാറിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ആഗസ്റ്റ് 27നാണ് ഖേഹാർ സ്ഥാനമൊഴിയുന്നത്. ചീഫ് ജസ്റ്റിസാകുന്ന മിശ്ര അടുത്ത വർഷം ഒക്ടോബർ രണ്ട് തൽസ്ഥാനത്ത് തുടരും. 1990-91 കാലത്ത് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്രയുടെ അനന്തരവൻ ആണ് ദീപക് മിശ്ര. രംഗനാഥ് മിശ്രയ്‌ക്കും ജി.ബി.പട്നായ്‌ക്കിനും ശേഷം ചീഫ് ജസ്റ്റിസാകുന്ന ഒഡീഷയിൽ നിന്നുള്ള മൂന്നാമത്തെ വ്യക്തിയാണ് ദീപക് മിശ്ര. 27ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.

1953 ഒക്ടബോർ മൂന്നിന് ഒഡീഷയിൽ ജനിച്ച മിശ്ര, 1977ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1996ൽ ഒഡീഷ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി. 1997ലാണ് സ്ഥിരം ജഡ്ജിയായത്. 2009ൽ പട്ന ഹൈക്കോടതിയുടെയും തുടർന്ന് ഡൽഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്.

സിനിമ തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയതും എഫ്.ഐ.ആറുകൾ 24 മണിക്കൂറിനകം പൊലീസ് വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടതും മിശ്രയാണ്. 1993 മുംബയ് സ്‌ഫോടന പരമ്പര കേസിലെ പ്രതിയായ യാക്കൂബ് മേമന്റെ അപ്പീൽ തള്ളി വധശിക്ഷ ശരിവച്ചതും നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശരിവച്ചതും മിശ്രയാണ്. മേമന്റെ അർദ്ധരാത്രിയിലെ ഹർജി പരിഗണിച്ച് തള്ളിയതിന് പിന്നാലെ ദീപക് മിശ്രയ്‌ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ച ദീപക് മിശ്ര അതുമായി ബന്ധപ്പെട്ട നടത്തിയ നിരീക്ഷണങ്ങൾ വലിയ വാർത്തയായിരുന്നു.