ദിലീപ് ഡി.ജി.പി ലോക്​നാഥ് ബെഹ്റയെ നിരവധി തവണ ഫോണിൽ വിളിച്ചതി​​ൻറ രേഖകൾ പുറത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്​റ്റിലാകും മുമ്പ്​ നടൻ ദിലീപ് ഡി.ജി.പി ലോക്​നാഥ് ബെഹ്റയെ നിരവധി തവണ ഫോണിൽ വിളിച്ചതി​​െൻറ രേഖകൾ പുറത്ത്​. കഴിഞ്ഞമാസം ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തിൽ തന്നെ കേസിൽ കുടുക്കാൻ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയും അന്വേഷണസംഘത്തിലെ ചിലരും ശ്രമിച്ചുവെന്ന്​ ദിലീപ്​ പരാതിപ്പെട്ടിരുന്നു. തനിക്ക്​ ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക്​ മെയിൽ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ്​ വ്യക്​തമാക്കിയിരുന്നു. അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതുപോലെ ഇരുപതുദിവസം വൈകിയല്ല, ജയിലിൽനിന്ന് പൾസര്‍ സുനിയുടെ ഭീഷണി ഫോൺ വിളികള്‍ വന്നതിന് തൊട്ടുപിന്നാലെതന്നെ ഡി.ജി.പിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നു​െവന്നാണ്​ ഫോൺ കോൾ വിശദാംശങ്ങളിൽനിന്ന്​ വ്യക്​തമാകുന്നത്​.
ദിലീപിനെതിരെ 20 തെളിവുകൾ നിരത്തിയുള്ള സുദീർഘമായ റിമാൻറ്​ റിപ്പോർട്ടാണ് അറസ്​റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയിൽ നൽകിയിരുന്നത്​. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ദിലീപ് ‍ഡി.ജി.പി ലോക്​നാഥ് ബെഹ്റക്ക്​ നൽകിയ പരാതിയെക്കുറിച്ച് പറയുന്ന കാര്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ജയിലിൽനിന്ന് നാദിർഷയെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട കാര്യം അവർ ദിലീപിനെ അറിയിക്കുന്നു. ഇതിന്​ ഏകദേശം 20 ദിവസങ്ങൾക്കുശേഷം മാത്രമാണ്​ ദിലീപ് ഒന്നാം പ്രതി സുനിൽ കുമാറിനെതിരെ പരാതി നൽകിയത്​. ഇൗ കാലയളവിൽ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീർക്കുന്നതിന് ശ്രമം നടത്തുകയായിരുന്നുവെന്നുമാണ്​ റിമാൻറ്​ റിപ്പോർട്ടിൽ പൊലീസ്​ പറഞ്ഞിരുന്നത്​.
എന്നാൽ, ലോക്​നാഥ് ബെഹ്റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്ക്​ ഏപ്രിൽ 10ന്​ രാത്രി 9.57ന്​ ദിലീപ് വിളിച്ചതായാണ്​ പുറത്തുവന്ന രേഖ. ജയിലിൽനിന്ന് പൾസർ സുനിയുടെ ആദ്യവിളി നാദിർഷക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രിൽ 18ന് ഉച്ചക്ക് 1.03, 20ന് ഉച്ചക്ക് 1.55, 21ന് വൈകീട്ട് 6.12 എന്നീ സമയങ്ങളിൽ ഫോൺ വിളികളുണ്ടായി. പൾസർ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോർഡ് ചെയ്ത് ‍ഡി.ജി.പിയുടെ വാട്​സ്​ആപ്പിലേക്ക് അയച്ചിരുന്നതായും ദിലീപി​​െൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പുറത്തുവന്ന ഫോൺ കോളുകളുടെ വിശദാംശങ്ങൾ ഡി.ജി.പി​യെയു​ം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്​.