തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടൻ അലൻസിയറുടെ വ്യത്യസ്തമായ പ്രതിഷേധം

തിരുവനന്തപുരം: കായൽ കൈയ്യേറ്റക്കേസിൽ ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടൻ അലൻസിയറുടെ വ്യത്യസ്തമായ പ്രതിഷേധം. ഒരു ദിവസം മുഴുവൻ തന്റെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചിട്ട് പ്രതീകാത്മകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം.

ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായ നിരുത്തരവാദമായ പ്രതികരണം സങ്കടമുണ്ടാക്കിയെന്ന് അലൻസിയർ പറഞ്ഞു. ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് മുഴുവൻ സിപ്പ് തുറന്നിടാനാണ് തന്റെ തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് തോമസ് ചാണ്ടിയെപ്പോലൊരാൾ കാണിച്ച തെമ്മാടിത്തരത്തിൽ കൂടുതലൊന്നും താൻ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സ്വകാര്യ മലയാളം ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന് മുമ്പും നിരവധി വിഷയങ്ങളിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളയാളാണ് അലൻസിയർ. കേരളത്തിലെ സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ അലൻസിയർ കണ്ണുമൂടിക്കെട്ടി ചവറ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുകൂടാതെ പെൺപിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരെയും അദ്ദേഹം പ്രതീകാത്മക സമരം നടത്തിയിരുന്നു.