തലസ്ഥാന നഗരത്തിൽ രാഷ്ട്രീയ സംഘർഷം: പൊലീസ് അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: കഴിഞ്ഞ രാത്രിയിൽ തലസ്ഥാന നഗരത്തിൽ തുടങ്ങിയ രാഷ്ട്രീയ സംഘർഷം തെരുവ് യുദ്ധത്തിലേയ്‌ക്ക് നീങ്ങിയതോടെ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് അതീവ ജാഗ്രതയിൽ. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വീടിന് നേരെയും ആക്രമണം നടന്നു.

സംഘർഷങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പൊലീസ് രാത്രി തന്നെ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും കാവൽ ശക്തമാക്കി. ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിലെ വിവിധ പാർട്ടി ഓഫീസുകൾക്ക് മുന്നിലും നേതാക്കന്മാരുടെ വീടിന് മുന്നിലും പൊലീസ് കാവൽ ഉണ്ടായിരുന്നു. നഗരത്തിലെ പാർട്ടി ഓഫീസുകളിലും പ്രധാന സ്ഥലങ്ങളിലും കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ‌ർ പറഞ്ഞു. അക്രമികളെ കണ്ടെത്താൻ നഗരത്തിലെ സി.സി.ടിവികൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടുതൽ സംഘർഷത്തിലേയ്‌ക്ക് നയിക്കുമോ എന്നാണ് പൊലീസിന്റെ ആശങ്ക. അക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം.

തലസ്ഥാന നഗരത്തിൽ ഏതാനും ദിവസമായി നിലനിൽക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് വ്യാഴാഴ്‌ച രാത്രിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ആറ്റുകാലിലെ സ്വകാര്യ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.നഗരത്തിലെ ആറ്റുകാൽ മണക്കാട് പ്രദേശത്തായിരുന്നു ആദ്യ ഘട്ടത്തിൽ സംഘർഷം. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു.