ജില്ലയിൽ സി പി ഐ ദുർബലമായെന്നു സി പി എം ജില്ലാ കമ്മറ്റി

കോട്ടയം: കേരള കോൺഗ്രസ് (എം) ബന്ധത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും ജില്ലയിൽ സി.പി.ഐ ദുർബലമായെന്നും തിരഞ്ഞെടുപ്പുകളിൽ ബി.ഡി.ജെ.എസിന്റെ പിൻബലത്തിൽ ബി.ജെ.പി ശക്തി വർദ്ധിപ്പിച്ചതായും സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി വി.എൻ.വാസവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സി.ഐ.ടി.യു ഒഴിച്ച് വർഗ ബഹുജനസംഘടനകൾക്ക് കാര്യമായ വളർച്ച ഉണ്ടാക്കാനായില്ല. എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ ,കെ.എസ്.കെ.ടിയു പ്രവർത്തനം തൃപ്തികരമല്ല. ചില ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയത പ്രകടമായെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുപ്പളളി,പാലാ,പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി സമ്മേളനങ്ങളിൽ അരുതാത്തത് സംഭവിച്ചു. പുതുപ്പള്ളിയിൽ നിലവിലുള്ള ഏരിയ കമ്മിറ്റി സെക്രട്ടറി വി.എസ്.സാബുവിനെതിരെ മത്സരിച്ച സുഭാഷ് വർഗീസാണ് വിജയിച്ചത്. പൊതുചർച്ചയിൽ സംസാരിക്കാനുള്ളവരുടെ ലിസ്‌റ്റിൽ സുഭാഷ് വർഗീസിനെ ഉൾപ്പെടുത്തിയില്ല. കുമരകം.തിരുവാർപ്പ് ,ചെങ്ങളം,അയ്മനം അടക്കം സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ ബി.ഡി.ജെ.എസ് സഖ്യത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കി. എന്നാൽ ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായില്ല. ബി.ഡി.ജെ.എസ് വളർച്ച നിസാരമായി കാണരുതെന്ന സൂചനയും റിപ്പോർട്ടിലുണ്ട്. സി.പി.ഐ ക്ക് കാര്യമായ ശക്തി ജില്ലയിലില്ലെന്ന വിലയിരുത്തലുണ്ടെങ്കിലും വാഴൂർ,കിടങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിൽ സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലേക്ക് പ്രവർത്തകർ പോയതിനെപ്പറ്റി പരാമർശമില്ല.

മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും സി.പിഐ ജില്ലയിൽ ദുർബലമാണെന്ന കണ്ടെത്തൽ ജില്ലയിൽ ഏറെ വേരോട്ടമുള്ള മാണി ഗ്രൂപ്പാണ് സി.പിഐയിലും നല്ലതെന്ന് പറയാതെ പറയുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ വളർച്ച ഉണ്ടാക്കാനായില്ല . പൂഞ്ഞാർ,കോട്ടയം മണ്ഡലങ്ങളിലെ ദയനീയ പരാജയവും ചില കമ്മിറ്റികളും പ്രാദേശിക നേതാക്കളും തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്നും സൂചിപ്പിക്കുന്നു. പൂഞ്ഞാറിലെ തോൽവി,അന്വേഷണകമ്മിഷൻ,നടപടി എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നവരെ തീരുമാനിച്ചതിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ച് ജയിച്ചവരെ ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.