ജനരക്ഷായാത്ര ഇന്ന് സമാപിക്കും; അമിത് ഷാ പങ്കെടുക്കും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ഈ മാസം മൂന്നിന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച ജനരക്ഷായാത്ര 15 ദിവസം വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

രാവിലെ തലസ്ഥാനത്തെത്തുന്ന ജനരക്ഷായാത്രക്ക്​ ശ്രീകാര്യത്ത് ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് ഉള്ളൂര്‍, കേശവദാസപുരം, എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. മൂന്ന് മണിക്ക് പട്ടത്ത് നിന്ന് പദയാത്ര ആരംഭിക്കും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പദയാത്രയില്‍ പങ്കെടുക്കും. അമിത്ഷാക്കൊപ്പം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാല്‍, കേന്ദ്രമന്ത്രിമാരായ അശ്വിനികുമാര്‍ ചൗബി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

പട്ടത്ത് നിന്ന് പദയാത്ര ആരംഭിക്കുമ്പോള്‍ തന്നെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം തുടങ്ങും. പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പുത്തരിക്കണ്ടത്ത് എത്തും. മറ്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പദയാത്രക്കൊപ്പം അണിചേരും. ജനരക്ഷായാത്രക്ക് മുന്നോടിയായി ബൈക്ക് റാലികളും മഹിളാ വിളംബര ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. ജനരക്ഷായാത്രയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജിഹാദി – ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമാണ് യാത്രയിലൂടെ പാര്‍ട്ടി മുന്നോട്ടുവെച്ചത്. പയ്യന്നൂരില്‍ നിന്ന് അമിത് ഷായാണ് ജാഥ ഉദ്ഘാടനം ചെയ്തത്. പിണറായിയിലെത്തിയ ജാഥയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറിയത് യാത്രക്ക് മങ്ങലേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രയുടെ ഭാഗമായി.